---
title: "ഏഴിമല നാവിക അക്കാദമിയിൽ ഗുരുതര സുരക്ഷാ വീഴ്ച: വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ"
english_title: "Security Lapse at Ezhimala Naval Academy: Bangladeshi National Arrested in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/383399/  ezhimala-naval-academy-security-lapse-bangladeshi-national-arrested-kannur"
published_at: "2026-09-19T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae23acb9c60_download_(8).jpeg"
keywords: ["Ezhimala Naval Academy", "Security Breach", "Kannur News", "Payyanur Police"]
---

# ഏഴിമല നാവിക അക്കാദമിയിൽ ഗുരുതര സുരക്ഷാ വീഴ്ച: വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

> **Lead Summary:** **കണ്ണൂർ**: രാജ്യത്തെ മുൻനിര തന്ത്രപ്രധാന പ്രതിരോധ കേന്ദ്രങ്ങളിലൊന്നായ കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. ഇന്ത്യൻ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖകൾ ഹാജരാക്കി അക്കാദമിയിൽ ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശ് സ്വദേശിയെ നാവികസേനയും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ പിടികൂടി. വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ എന്ന് പേരുള്ളയാളാണ് നിലവിൽ പിടിയിലായിരിക്കുന്നത്.

## Article Content

**കണ്ണൂർ**: രാജ്യത്തെ മുൻനിര തന്ത്രപ്രധാന പ്രതിരോധ കേന്ദ്രങ്ങളിലൊന്നായ കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. ഇന്ത്യൻ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖകൾ ഹാജരാക്കി അക്കാദമിയിൽ ജോലി ചെയ്തുവരികയായിരുന്ന ബംഗ്ലാദേശ് സ്വദേശിയെ നാവികസേനയും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിൽ പിടികൂടി. വ്യാജ ആധാർ കാർഡിൽ ബിപ്ലബ് സോറൻ എന്ന് പേരുള്ളയാളാണ് നിലവിൽ പിടിയിലായിരിക്കുന്നത്.

വെരിഫിക്കേഷനായി പശ്ചിമ ബംഗാളിലെ മുർഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (PCC) ഇയാൾ ജോലിയിൽ പ്രവേശിക്കുന്നതിനായി ഹാജരാക്കിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി നാവിക അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ ജീവനക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നു ഇയാൾ.

എന്നാൽ, കുറച്ചു നാളുകളായി ഇയാളുടെ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാവികസേനാ അധികൃതർ നിരീക്ഷണം ശക്തമാക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് യഥാർത്ഥ ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന നിർണായക രേഖകൾ പോലീസ് കണ്ടെത്തി.

യഥാർത്ഥ തിരിച്ചറിയൽ വിവരം പുറത്തുവന്നതോടെ പ്രതിയെ തുടർനടപടികൾക്കായി പയ്യന്നൂർ പൊലീസിന് കൈമാറി. കണ്ണൂർ ജില്ലയിൽ വിദേശ പൗരന്മാർ വ്യാജ രേഖകളുമായി തങ്ങുന്ന സംഭവങ്ങൾ അടുത്തകാലത്തായി വർധിച്ചു വരികയാണ്. രണ്ടു ദിവസം മുൻപ് കണ്ണൂരിലെ ഒരു സ്പായിൽ നിന്ന് വ്യാജ ഇന്ത്യൻ രേഖകളുമായി എത്തിയ അഞ്ച് ബംഗ്ലാദേശി യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്വന്തം പൗരത്വം മറച്ചുവെച്ച് നിരവധി ബംഗ്ലാദേശ് സ്വദേശികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് പിടിയിലായവരിൽ നിന്ന് പോലീസിന് ലഭിക്കുന്ന സൂചന. സംഭവത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/383399/  ezhimala-naval-academy-security-lapse-bangladeshi-national-arrested-kannur)